• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും, ആര്‍ഭാടം ഒഴിവാക്കും; വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് ഒടുവില്‍ ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നടപടികള്‍ക്ക് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി. നിയമനടപടികള്‍ ഒഴിവാക്കാന്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഭിന്നത ഉടലെടുത്തിരുന്നു.വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഉന്നയിച്ച്‌ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ആഘോഷപരിപാടികള്‍ റദ്ദാക്കിയ നടപടി വിവാദമായ പശ്ചാത്തലത്തില്‍ കലോത്സവം നടത്തുന്നത് സംബന്ധിച്ച്‌ പുനരാലോചന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകരുമായി ഫോണില്‍ ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്ന മുറയ്ക്ക് തീരുമാനം ഔദ്യോഗികമായി കൈക്കൊളളും.

Top