• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളത്തിലെ 4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ നിലവില്‍വന്നു. മറ്റു പത്തു ജില്ലകളില്‍ നിലവിലുള്ള ലോക്‌ഡൗണ്‍ തുടരും. ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലേക്കു പ്രവേശിക്കാന്‍ ഒരു വഴി മാത്രമേ ഉണ്ടാകൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടിനില്‍ക്കുക, മാസ്‌ക്‌ ധരിക്കാതിരിക്കുക തുടങ്ങി കോവിഡ്‌ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളെ സോണുകളായി തിരിച്ച്‌ നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു നല്‍കും. ഇവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്തും. ക്വാറന്റീന്‍ ലംഘിക്കുന്നതു കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്‌ ഉപയോഗിക്കും. ക്വാറന്റീനില്‍നിന്ന്‌ പുറത്തിറങ്ങാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും. ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്കു ഭക്ഷണമെത്തിക്കുന്നത്‌ വാര്‍ഡ്‌ സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ട്രിപ്പിള്‍ ലോക്‌ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മരുന്നുകടയും പെട്രോള്‍ പമ്പും തുറക്കും. പത്രവും പാലും 6 മണിക്കു മുന്‍പ്‌ വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍ ഹോംനഴ്‌സ്‌ എന്നിവര്‍ക്കു ഓണ്‍ലൈന്‍ പാസ്‌ നല്‍കും. പ്ലംബര്‍, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്കും പാസ്‌ വാങ്ങി അടിയന്തര ഘട്ടത്തില്‍ യാത്ര ചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും യാത്ര അനുവദിക്കും.

Top