• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സാമൂഹികമാധ്യമങ്ങളില്‍ സ്വന്തം ചിത്രങ്ങള്‍ സെല്‍ഫിയും രോഗമാകും

മനഃശാസ്‌ത്ര ലോകം ഈയടുത്ത്‌ പരിചയപ്പെടുത്തിയ മാനസിക അസ്വാസ്ഥ്യമാണ്‌ സെല്‍ഫിറ്റിസ്‌. സാമൂഹികമാധ്യമങ്ങളില്‍ സ്വന്തം ചിത്രങ്ങള്‍ തുടര്‍ച്ചയായി പങ്കുവെക്കാന്‍ നിര്‍ബന്ധിതാവസ്ഥയുണ്ടാകുന്ന ഒരു സ്ഥിതിവിശേഷം.

വിട്ടൊഴിയാതെയുള്ള സെല്‍ഫിയെടുപ്പിനെ വിശദീകരിക്കുന്ന ഒരു ഹാസ്യ വാര്‍ത്തയില്‍ 2014ലാണ്‌ ഈ വാക്ക്‌ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. പിന്നീട്‌, അമേരിക്കന്‍ സൈക്യാട്രിക്‌ അസോസിയേഷന്‍ ഇതിനെ ഒരു രോഗമായി അംഗീകരിച്ചു. ഓക്‌സ്‌ഫോഡ്‌ ഇംഗ്ലീഷ്‌ നിഘണ്ടുവിലും ഈയടുത്ത്‌ ഈ വാക്ക്‌ പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഭാസത്തില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന്‌ അന്വേഷിക്കാന്‍ നോട്ടിംഗ്‌ഹാം ട്രന്റ്‌ യൂനിവേഴ്‌സിറ്റിയിലെയും ഇന്ത്യയിലെ ത്യാഗരാജര്‍ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റിലെയും ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. ഈ രോഗാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന്‌ അവര്‍ സ്ഥിരീകരിക്കുകയും രോഗത്തിന്റെ തീവ്രത അളക്കുന്നതിനായി സെല്‍ഫിറ്റിസ്‌ സ്വഭാവ മാനകം വികസിപ്പിക്കുകയും ചെയ്‌തു.

സെല്‍ഫിറ്റിസിന്റെ തീവ്രത നിര്‍ണയിക്കാനായി 20 പ്രസ്‌താവനകള്‍ ഈ ഗവേഷകസംഘം വികസിപ്പിച്ചിട്ടുണ്ട്‌. ഈ വികാരത്തെ വ്യക്തി എത്രമാത്രം അംഗീകരിക്കുന്നു എന്നത്‌ അളന്നാണ്‌ നിര്‍ണയം നടത്തുക. ഉദാഹരണത്തിന്‌, സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫികള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ ജനകീയനായി അനുഭവപ്പെടുന്നു, സെല്‍ഫികള്‍ എടുക്കാത്തപ്പോള്‍ സുഹൃദ്‌ വലയത്തില്‍ നിന്ന്‌ മാറിനില്‍ക്കുന്ന അനുഭവമുണ്ടാകുന്നു തുടങ്ങിയവ അടക്കമുള്ളതാണ്‌ ഈ മാനകങ്ങള്‍. ഒന്ന്‌ മുതല്‍ നൂറ്‌ വരെയുള്ള സ്‌കോര്‍ ആണ്‌ സ്‌കെയില്‍ പ്രകാരമുള്ളത്‌. 400 പേരെ പങ്കെടുപ്പിച്ച സര്‍വേയിലാണ്‌ സ്‌കെയില്‍ പരീക്ഷിച്ചത്‌. ഫേസ്‌ബുക്കില്‍ അധികവും ഇന്ത്യക്കാര്‍ ആയതിനാല്‍ ഇവിടുത്തുകാരെയാണ്‌ സര്‍വേയില്‍ പങ്കെടുപ്പിച്ചത്‌. മാത്രമല്ല, അപകടം നിറഞ്ഞ കേന്ദ്രങ്ങളില്‍ നിന്ന്‌ സെല്‍ഫികള്‍ എടുക്കാന്‍ ശ്രമിച്ച്‌ കൂടുതല്‍ പേര്‍ മരിച്ചതും ഇന്ത്യയിലാണ്‌. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍, മൂന്ന്‌ തലത്തിലുള്ള സെല്‍ഫിറ്റിസ്‌ ഉണ്ടെന്ന്‌ സ്ഥിരീകരിക്കുന്നു.

Top