• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ശിഖര്‍ ധവാന്‍ പോയതോടെ ശനിദശ തുടങ്ങി; രോഹിത്‌ ശര്‍മയ്‌ക്ക്‌ രാഹുല്‍ ചേരുന്നില്ല

ഇന്ത്യന്‍ ടീമിന്റെ ശക്തിയെന്നാല്‍ ടോപ്‌ ത്രീയാണ്‌. ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ്മ, വിരാട്‌ കോഹ്‌ലി എന്നീ ത്രിമൂര്‍ത്തികളാണ്‌ ബാറ്റിംഗ്‌ ലൈനപ്പിന്റെ നെടുംതൂണ്‍. രോഹിത്തിന്‌ താളം കണ്ടെത്താന്‍ സമയം നല്‍കി മറുവശത്ത്‌ സ്‌കോറിംഗ്‌ വേഗത കൈകാര്യം ചെയ്യുന്നതില്‍ ധവാന്‌ അതിയായ മിടുക്കുണ്ട്‌. മറിച്ചാണ്‌ സംഭവിക്കുന്നതെങ്കില്‍ സ്‌ട്രൈക്ക്‌ ആവശ്യപ്പെട്ട്‌ രോഹിത്‌ കൂടുതല്‍ ബോളുകള്‍ നേരിടും. ഈ സമയം ധവാന്‍ ഫോമിലേക്കുയരും.

ഇരുവര്‍ക്കും പിന്നാലെ വിരാട്‌ കോഹ്‌ലി കൂടി എത്തുന്നതോടെ സ്‌കോറിംഗ്‌ താളത്തിലാകും. ലോകകപ്പിലും ടീം ഇന്ത്യ ആശ്രയിച്ചത്‌ ഈ മൂവര്‍ സംഘത്തെ തന്നെയാണ്‌. ഓപ്പണിംഗ്‌ വിക്കറ്റില്‍ കരുതലോടെ തുടക്കമിട്ട രോഹിത്‌  ധവാന്‍ കൂട്ടുകെട്ടാണ്‌ ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ അടിസ്ഥാനമിടുന്നത്‌. ഐസിസി ടൂര്‍ണമെന്റുകളില്‍ ശിഖര്‍ ധവാന്‍ വേറെ ലെവലാണ്‌. ഇംഗ്ലിഷ്‌ മണ്ണിലെ ഏകദിനങ്ങളിലും അങ്ങനെ തന്നെ. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരുക്കേറ്റ്‌ ധവാന്‍ ടീമില്‍ നിന്ന്‌ പുറത്തായതോടെ ടോപ്‌ ത്രീയില്‍ വിള്ളല്‍ വീണു. ധവാന്‌ പകരം യുവതാരം കെ എല്‍ രാഹുല്‍ ഓപ്പണിംഗ്‌ സ്ഥാനത്തെത്തി.

പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിലും പിന്നീട്‌ അഫ്‌ഗാനിസ്ഥാന്‍, വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ടീമുകള്‍ക്ക്‌ എതിരെയും രോഹിത്തിനൊപ്പം ക്രീസിലെത്തിയത്‌ രാഹുലാണ്‌. ഇതോടെ, രോഹിത്തിന്‌ തന്റെ പതിവ്‌ ശൈലി കൈവിടേണ്ടി വന്നു. യുവതാരമായ രാഹുലിനെ സമ്മര്‍ദ്ദത്തില്‍ പെടാതെ നിര്‍ത്തുന്നതിനൊപ്പം സ്‌കോറിംഗ്‌ വേഗത നിയന്ത്രിക്കുക കൂടി ചെയ്യേണ്ട ബാധ്യത താരത്തിന്‌ മാത്രമായി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ 140 റണ്‍സുമായി രോഹിത്‌ കളം നിറഞ്ഞെങ്കിലും 78 പന്തില്‍ 57 റണ്‍സ്‌ മാത്രമാണ്‌ രാഹുല്‍ നേടിയത്‌. അഫ്‌ഗാനെതിരായ മത്സരത്തില്‍ 10 പന്തില്‍ നിന്ന്‌ ഒരു റണ്ണുമായി അതിവേഗം കൂടാരം കയറി ഹിറ്റ്‌മാന്‍. എന്നാല്‍, 53 പന്തുകള്‍ നേരിട്ട്‌ രാഹുല്‍ സ്വന്തമാക്കിയത്‌ 30 റണ്‍സ്‌ മാത്രമാണ്‌.

സെമിയിലേക്കുള്ള ദൂരം കുറയ്‌ക്കാനിറങ്ങിയ വെസ്‌റ്റ്‌ ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 23 പന്തില്‍ 18 റണ്‍സുമായി ഹിറ്റ്‌മാന്‍ കൂടാരം കയറി. രാഹുലാകട്ടെ 64 പന്തില്‍ 48 റണ്‍സുമായി മെല്ലപ്പോക്ക്‌ തുടര്‍ന്നു. രോഹിത്‌ രാഹുല്‍ ഓപ്പണിംഗ്‌ കൂട്ടുക്കെട്ട്‌ ചേര്‍ത്തത്‌ 29 റണ്‍സ്‌ മാത്രമാണ്‌. കോഹ്‌ലിയുമൊത്ത്‌ രണ്ടാം വിക്കറ്റില്‍ 69 റണ്‍സിന്റെ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ ഉണ്ടാക്കിയത്‌ മാത്രമാണ്‌ രാഹുലിന്‌ നേട്ടമായത്‌.

ധവാന്റെ അസാന്നിധ്യവും രാഹുലിന്റെ സാന്നിധ്യവുമാണ്‌ രോഹിത്തിന്റെ പ്രകടനത്തെ ബാധിക്കുന്നത്‌. മെല്ലെ
തുടങ്ങി ആളിക്കത്തുന്ന ധവാന്‍ ശൈലി രാഹുലില്‍നിന്നും കാണാന്‍ ഇതുവരെ സാധിച്ചില്ല. പ്രതിരോധ ശൈലിയില്‍ ബാറ്റ്‌ വീശുന്നതോടെ സ്‌കോറിംഗിന്‌ വേഗത കുറയുകയാണ്‌.

Top