• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഋഷി കപൂര്‍ ഇനി ഓര്‍മ്മ, വിടപറയുന്നത്‌ ബോളിവുഡിലെ ഒരു കാലഘട്ടം

റൊമാന്റിക്‌ ഭാവങ്ങളില്‍ ബോളിവുഡിന്റെ വെള്ളിത്തിരയെ ത്രസിപ്പിച്ച നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ്‌ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നീതു കപൂറാണ്‌ ഭാര്യ. ബോളിവുഡ്‌ താരം രണ്‍ബീര്‍ കപൂര്‍, റിദ്ദിമ കപൂര്‍ എന്നിവരാണ്‌ മക്കള്‍.

ബോളിവുഡിലെ പ്രശസ്‌തമായ കപൂര്‍ കുടുംബത്തിലെ അംഗത്തിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകവും അദ്ദേഹത്തിന്റെ ആരാധകരും വേദന നിറഞ്ഞ കുറിപ്പുകളോടെയാണ്‌ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്‌. ലോക്‌ഡൗണ്‍ നിയമങ്ങള്‍ പാലിച്ചു മാത്രമാകണം അദ്ദേഹത്തിന്‌ വിടനല്‍കേണ്ടതെന്നും കുടുംബം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിര്‍മാതാവുമായ രാജ്‌ കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍, പിതാവ്‌ സംവിധാനം ചെയ്‌ത 'ശ്രീ 420' എന്ന ചിത്രത്തിലെ പ്രശസ്‌തമായ 'പ്യാര്‍ ഹുവാ ഇക്‌റാര്‍ ഹുവാ...' എന്ന ഗാനത്തില്‍ മുഖം കാട്ടിയാണ്‌ ചലച്ചിത്ര രംഗത്ത്‌ അരങ്ങേറിയത്‌. പിതാവ്‌ രാജ്‌ കപൂര്‍ സംവിധാനം ചെയ്‌ത 'മേരാ നാം ജോക്കര്‍' എന്നീ ചിത്രത്തില്‍ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്‌. 1970 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരവും നേടി.

1973 ല്‍ രാജ്‌ കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ബോബി'യില്‍ ഋഷി കപൂര്‍ ആദ്യമായി നായകവേഷം അണിഞ്ഞു. ഡിംപിള്‍ കപാഡിയ നായികയായ ഈ ചിത്രത്തിലെ റൊമാന്റിക്‌ രംഗങ്ങള്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌. 'ഹം തും എക്‌ കമ്‌രേ മേം ബന്ദ്‌ ഹോ' എന്ന ഇതിലെ ഗാനം അക്കാലത്തെ ജനപ്രിയ ഹിറ്റായി. ആ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ട്‌ ചെയ്‌ത ചിത്രമായും 'ബോബി' മാറി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും ഋഷിയെ തേടിയെത്തി. അക്കാലത്തെ സോവിയറ്റ്‌ യൂണിയനില്‍ ഏറെ ഹിറ്റായി മാറിയ 'ബോബി' വിദേശ ചലച്ചിത്ര രംഗത്തും ഏറെ പ്രശസ്‌തമായി. സോവിയറ്റ്‌ യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ്‌ സിനിമകളിലൊന്നാണ്‌ 'ബോബി'.

Top