• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

27 വര്‍ഷത്തിനു ശേഷവും പൊലീസ്‌ ഓഫീസറായി രജനികാന്ത്‌

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്‌ ഏറെക്കാലത്തിനു ശേഷം വീണ്ടും കാക്കിയണിയുകയാണ്‌. ദര്‍ബാര്‍ എന്ന ചിത്രത്തിലാണ്‌ രജനികാന്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്‌. 1992ല്‍ പ്രദര്‍ശനത്തിന്‌ എത്തിയ പാണ്ഡ്യനിലാണ്‌ രജനികാന്ത്‌ ഇതിനു മുമ്പ്‌ പൊലീസ്‌ വേഷത്തിലെത്തിയത്‌.

പാണ്ഡ്യനില്‍ പാണ്ഡ്യന്‍ ഐപിഎസ്‌ എന്ന കഥാപാത്രമായിട്ടായിരുന്നു രജനികാന്ത്‌ അഭിനയിച്ചത്‌. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും മരണത്തെക്കുറിച്ച്‌ അന്വേഷിക്കുകയാണ്‌ പാണ്ഡ്യന്‍. കൊലപാതകസംഘത്തില്‍ പാണ്ഡ്യനും ചേരുന്നു.

ചിത്രം പുരോഗമിക്കുമ്പോള്‍ കൊലപാതകസംഘം തിരിച്ചറിയുന്നു, പാണ്ഡ്യന്‍ പൊലീസ്‌ ഉദ്യോഗസ്ഥനാണെന്ന്‌. കൊലപാതകം ചെയ്‌തവരെ പാണ്ഡ്യന്‍ ഒടുവില്‍ കുടുക്കുന്നതുമാണ്‌ സിനിമ. എസ്‌ പി മുത്തുരാമന്‍ ആണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. രജനികാന്ത്‌ വീണ്ടും പൊലീസ്‌ വേഷമണിയുമ്പോള്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസ്‌ ആണ്‌. തമിഴകത്തെ സൂപ്പര്‍ ഹിറ്റ്‌ സംവിധായകനായ എ ആര്‍ മുരുഗദോസ്‌ ആദ്യമായിട്ടാണ്‌ രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയും ചെയ്യുന്നത്‌. ചിത്രത്തില്‍ പൊലീസ്‌ ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക്‌ എ ആര്‍ മുരുഗദോസ്‌ പുറത്തുവിട്ടിരുന്നു. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ദര്‍ബാര്‍. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ ഗാനം ആലപിക്കുന്നത്‌ ഇതിഹാസ ഗായകന്‍ എസ്‌ പി ബാലസുബ്രഹ്‌മണ്യം ആണ്‌.

ത്രില്ലര്‍ ചിത്രമായ ദര്‍ബാറിന്‌ വേണ്ടി മുംബയിലെ ഒരു കോളേജിലാണ്‌ പൊലീസ്‌ ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയത്‌. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്‌, റോയല്‍ പാംസ്‌, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്‌. കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ്‌ ചിത്രത്തില്‍ അഭിനയിക്കുക. നയന്‍താരയാണ്‌ നായിക.

സന്തോഷ്‌ ശിവനാണ്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. എ ആര്‍ മുരുഗദോസ്‌ ഇതിനു മുമ്പ്‌ സംവിധാനം ചെയ്‌ത സര്‍ക്കാര്‍ വന്‍ വിജയം നേടിയിരുന്നു.

Top