• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രവാസികള്‍ ഇന്ത്യയില്‍നിന്ന്‌ സമ്മാനം സ്വീകരിച്ചാല്‍ ഇനി നികുതി

പ്രവാസികള്‍ ഇന്ത്യയിലെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്വീകരിക്കുന്ന വില കൂടിയ പാരിതോഷികങ്ങള്‍ക്ക്‌ ഇനി നികുതി നല്‍കേണ്ടി വരും. ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ വ്യക്തികളില്‍ നിന്നും സ്വീകരിക്കുന്ന പാരിതോഷികങ്ങള്‍ക്ക്‌ എന്‍ആര്‍ഐകള്‍ ഈ വര്‍ഷം മുതല്‍ നികുതി നല്‍കണം എന്നാണ്‌ ബജറ്റിലെ നിര്‍ദ്ദേശം.

ഇതനുസരിച്ച്‌ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ സുഹൃത്തുക്കളില്‍ നിന്നും അകന്ന ബന്ധുക്കളില്‍ നിന്നും സ്വീകരിക്കുന്ന പാരിതോഷികങ്ങള്‍ക്ക്‌ അതിന്റെ മൂല്യം അനുസരിച്ചുള്ള നികുതി നല്‍കാന്‍ ഇനി എന്‍ആര്‍ഐകള്‍ ബാധ്യസ്ഥരായിരിക്കും.

നിലവില്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എന്‍ആര്‍ഐകള്‍ സ്വീകരിക്കുന്ന പാരിതോഷികങ്ങള്‍ നികുതി മുക്തമായാണ്‌ കണക്കാക്കിയിരുന്നത്‌. കാരണം നികുതി നിയമ പ്രകാരം പാരിതോഷികങ്ങള്‍ സ്വീകരിക്കുന്ന ആള്‍ക്കാണ്‌ നികുതി നല്‍കാനുള്ള ബാധ്യത. എന്നാല്‍, പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നത്‌ എന്‍ആര്‍ഐ ആയതിനാല്‍ രാജ്യത്തിന്‌ പുറത്തുള്ള വരുമാനമായാണ്‌ കണക്കാക്കിയിരുന്നത്‌ അതിനാല്‍ നികുതി ബാധകമല്ലായിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ ധനകാര്യ ബില്ലിലെ പുതിയ വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നത്‌, ഇന്ത്യയില്‍ സ്ഥിര താമസം ആക്കിയ വ്യക്തികളില്‍ നിന്നും എന്‍ആര്‍ഐകള്‍ സ്വീകരിക്കുന്ന പാരിതോഷികങ്ങള്‍ക്ക്‌ അവയുടെ മൂല്യം അനുസരിച്ച്‌ ഇന്ത്യയില്‍ തന്നെ നികുതി നല്‍കണം എന്നാണ്‌. ഇത്തരം പാരിതോഷികങ്ങളുടെ മൂല്യം 50,000 രൂപയില്‍ കൂടുതലും ഉറവിടം ഇന്ത്യ തന്നെ ആയിരിക്കുകയും ആണെങ്കില്‍ എന്‍ആര്‍ഐകള്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്‌. എല്ലാ പാരിതോഷികങ്ങളും രാജ്യത്തിനകത്ത്‌ നേടുന്ന വരുമാനം ആയിട്ട്‌ കണക്കി ഇന്ത്യക്കാര്‍ക്ക്‌ ബാധകമാകുന്ന സാധാരണ സ്ലാബ്‌ നിരക്കില്‍ നികുതി നല്‍കണം. സമ്മാനം എവിടേക്ക്‌ നല്‍കുന്നു എന്നതിന്‌ പകരം എവിടെ നിന്നും നല്‍കുന്നു എന്നത്‌ അടിസ്ഥാനമാക്കിയാണ്‌ നികുതി കണക്കാക്കുന്നത്‌.

Top