• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കേരളം വീണ്ടും ചുവക്കുന്നു; ക്യാപ്‌റ്റന്റെ കരുത്തില്‍ ഇടതിന്‌ തുടര്‍ഭരണം

ഉറപ്പാണ്‌ തുടര്‍ഭരണം. പിണറായിയുടെ തുടര്‍ഭരണത്തിന്‌ കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയന്‍ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട്‌ വിജയചരിത്രം ആവര്‍ത്തിക്കുന്നു പിണറായി വിജയന്‍ എന്ന കേരളത്തിന്റെ ക്യാപ്‌റ്റന്‍.

തദ്ദേശ തിരഞ്ഞെടുപ്പ്‌ ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകര്‍പ്പന്‍ വിജയത്തിനുള്ള സൂചന. ഫൈനലില്‍ ആധികാരിക വിജയം പിടിച്ചാണ്‌ പിണറായി വിജയചരിത്രമെഴുതുന്നത്‌. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടര്‍ഭരണം എന്ന സ്വപ്‌നമാണ്‌ പിണറായി ഉറപ്പാക്കിയത്‌.

നിയമസഭാ തിരഞ്ഞെടുപ്പ്‌ ഫലം ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തകര്‍ക്കാനാവാത്ത ലീഡ്‌ നിലയുമായാണ്‌ ഇടതുമുന്നണി കുതിക്കുന്നത്‌. അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച്‌ 100 സീറ്റുകളില്‍ എല്‍.ഡി.എഫ്‌. മുന്നേറുകയാണ്‌. തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്‌. ഒരു അട്ടിമറികള്‍ക്കും സാധ്യതയില്ലാതെ എല്‍.ഡി.എഫ്‌. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.

കണ്ണൂരില്‍ പതിനൊന്നില്‍ പത്ത്‌, തിരുവനന്തപുരത്ത്‌ 14ല്‍ 12, കൊല്ലത്ത്‌ പതിനൊന്നില്‍ 10, ആലപ്പുഴയില്‍ ഒമ്പതില്‍ ഏഴ്‌, പാലക്കാട്‌ പന്ത്രണ്ടില്‍ 9, തൃശൂരില്‍ 13ല്‍ 12. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എറണാകുളം, വയനാട്‌,മലപ്പുറം ജില്ലകളില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ നേട്ടമുണ്ടാക്കാനായിട്ടുള്ളത്‌.

തദ്ദേശതിരഞ്ഞെടുപ്പ്‌ നല്‍കിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ്‌ എല്‍.ഡി.എഫ്‌ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ തുടര്‍ഭരണം എല്‍.ഡി.എഫിന്‌ ഉറച്ച ഉറപ്പായി മാറുകയായിരുന്നു.

സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്ക്‌ മുന്നില്‍ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും മുങ്ങിപ്പോകുന്ന, ജനം ഇടതിനു അനുകൂലമായി വിധിയെഴുതിയ കാഴ്‌ചയ്‌ക്കാണ്‌ കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌. വരും മണിക്കൂറുകളില്‍ മറിച്ചൊരു അത്ഭുതം പ്രതീക്ഷിക്കാനും സാധ്യത കുറയുന്നു. 

Top