• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

506 സഞ്ചാരികളുമായി സീസണിലെ ആദ്യ ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തി, ചൊവ്വാഴ്ച വിഴിഞ്ഞത്ത്

കൊച്ചി:( 14.10.2018) സംസ്ഥാനത്ത് സമുദ്ര വിനോദസഞ്ചാര സീസണിന് ആവേശകരമായ തുടക്കം കുറിച്ച്‌ കരീബിയന്‍ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര വിനോദസഞ്ചാരക്കപ്പല്‍ 506 അന്തര്‍ദേശീയ വിനോദസഞ്ചാരികളുമായി കൊച്ചിയിലെത്തി. ഒക്ടോബര്‍ നാലിന് അബുദാബിയില്‍ നിന്നു പുറപ്പെട്ട കപ്പല്‍ മുംബൈ, ഗോവ വഴിയാണ് കൊച്ചിയിലെത്തിയത്. പാരമ്ബര്യ ശൈലിയിലുളള സ്വീകരണവുമായി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചാരികളെ വരവേല്‍ക്കാനെത്തിയിരുന്നു.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങള്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കും. കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം യാത്രതിരിച്ച്‌ കപ്പല്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ വിഴിഞ്ഞത്ത് എത്തും. അവിടെനിന്ന് വൈകിട്ടോടെ കൊളംബോയ്ക്ക് പുറപ്പെടും. 1973 ല്‍ നിര്‍മ്മിച്ച എംവി ബൂദിക്ക ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഫ്രെഡ് ഓള്‍സെന്‍ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ്. 506 വിനോദസഞ്ചാരികള്‍ക്കു പുറമെ 389 ജീവനക്കാരുമായാണ് ബൂദിക്ക ഞായറാഴ്ച രാവിലെ 6.30 ന് തീരമണിഞ്ഞത്.

കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണിനാണ് തുടക്കം കുറിച്ച്‌ എത്തിയ ആദ്യ ആഡംബരക്കപ്പല്‍ പ്രളയാനന്തരം തിരിച്ചുവരവു നടത്തിയ കേരളത്തിലെ വിനോദസഞ്ചാരത്തിനും ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളെ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്കും ഊര്‍ജ്ജം പകരുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ജലാശയങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന സന്ദേശമാണ് ലോകമെമ്ബാടുമുള്ള സഞ്ചാരികള്‍ക്ക് ഇത് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

വിനോദസഞ്ചാരികളുടെ വരവ് നേരത്തേതന്നെ ആരംഭിച്ചതായും ആദ്യ വിനോദസഞ്ചാര കപ്പലിന്റെ വരവ് സമുദ്ര വിനോദസഞ്ചാര സീസണിന്റെ തുടക്കത്തിന് ആക്കം കൂട്ടുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. കൂടുതല്‍ സമുദ്ര സഞ്ചാരികളെ തുടര്‍ന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Top