• Monday, June 3, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

13 മന്ത്രിമാർ എത്തിയില്ല, മന്ത്രിസഭായോഗം ചേര്‍ന്നില്ല, ഗതികേടെന്ന് ചെന്നിത്തല

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഹാജരാകാതെ മന്ത്രിമാർ. ക്വാറം തികയാത്തതിനെ തുടർന്നു മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. 19 അംഗ മന്ത്രിസഭയിലെ 13 പേരും യോഗത്തിന് എത്തിയില്ല.ഇതേതുടര്‍ന്നാണ് കോറം തികയാത്ത കാരണത്താല്‍ യോഗം ചേരാതെ പിരിഞ്ഞത്.

ഇതേതുടര്‍ന്ന് കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. അതേസമയം മന്ത്രിസഭായോഗം കോറം തികയാത്തതിനെ തുടര്‍ന്ന് ചേരാനാകാതെ പോയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേര്‍ന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ  മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പോലൊരു ഗതികേടു മുന്‍പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ് മന്ത്രിമാര്‍ക്ക് താല്‍പര്യം.പാർട്ടിയുടെ വയനാട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ നാലു സിപിഐ മന്ത്രിമാരും യോഗത്തിന് എത്താത്തത്. മറ്റു മന്ത്രിമാർ അവരവരുടെ ജില്ലകളിലെ പരിപാടികൾ ഏറ്റുപോയതിനാലാണു ഹാജരാകാതിരുന്നത്.

Top