• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്‌കാരം: അഞ്ച് അംഗ ജൂറി ജേതാക്കളെ തെരഞ്ഞെടുക്കും

ടെക്സസ് : വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവർത്തകർക്ക് നൽകുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്ന' ഉൾപ്പെടെയുള്ള 12 പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കാൻ അഞ്ച് അംഗം ജൂറിയെ നിയമിച്ചതായി ഭാരവാഹികളായ മധു കൊട്ടാരക്കര , സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.

മാധ്യമ-സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ. ബാബു പോൾ , തോമസ് ജേക്കബ്, കെ.എം റോയ്, ഡോ: എം.വി പിള്ള, അലക്സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ . 

എഴുത്തുകാരനും മികച്ച പ്രഭാഷകനുമായ ഡോ: ബാബു പോൾ കേരളത്തിന്‍റെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്നു.ഇദ്ദേഹം തയാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 

മാധ്യമപ്രവർത്തകർ ഗുരുതുല്യനായി കരുതുന്ന തോമസ് ജേക്കബ് ബ്രിട്ടണിലെ തോംസൺ ഫൗണ്ടേഷന്‍റെ പത്രപ്രവർത്തക പരിശീലനത്തിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ് . മലയാള . മനോരമയിൽ കാർട്ടൂണിസ്റ്റായി ചേർന്ന തോമസ്‌ ജേക്കബ്‌ പത്രത്തിന്‍റെ വാർത്താവിഭാഗത്തിന്‍റെ തലവനായി വിരമിച്ചു . 

പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.എം റോയ് ,എറണാകുളം മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. കേരള പത്രപ്രവർത്തക യൂണിയന്‍റെ പ്രസിഡന്‍റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം, ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റിന്‍റെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 

മൂന്ന് പതിറ്റാണ്ടിലേറെ മുഖ്യധാര മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച അലക്സാണ്ടര്‍ സാം ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പതിപ്പിന്‌ ദീപിക തുടക്കമിടുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് അലക്സാണ്ടര്‍ ആയിരുന്നു. രാഷ്ട്ര ദീപികയ്ക്ക് തുടക്കമിട്ടതും അലക്സാണ്ടര്‍ സാമിന്‍റെ ചുമതലയിലായിരുന്നു. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജ് അധ്യാപകനായി കരിയര്‍ ആരംഭിച്ച അലക്സാണ്ടര്‍ സാം , ഇപ്പോള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്‍റെ തൃശൂര്‍ ജില്ല പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നു.

ലോക പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനും ഇന്ത്യ പ്രസ് ക്ലബിന്‍റെ മെഡിക്കല്‍ ജേര്‍ണലിസം ടീമിന്‍റെ ചെയര്‍മാനുമായ ഡോ. എം.വി പിള്ള തികഞ്ഞ ഒരു ഭാഷാസ്നേഹി കൂടിയാണ്‌. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വൈറോളജി സെന്‍റര്‍ പടുത്തുയര്‍ത്തുവാന്‍ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് എ.വി. പിള്ളയെയാണ്. 

നവംബർ 30 വരെയാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകരെ നോമിനേറ്റ് ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ indiapressclub.org യിൽ ലഭ്യമാണ് . പുരസ്‌കാരങ്ങൾ 2019 ജനുവരി 13 ന് (ഞായർ) വൈകുന്നേരം ആറിന് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്‌കാര കമ്മിറ്റി ചെയർമാൻ മാത്യു വർഗീസ് , ചീഫ് കൺസൾട്ടന്‍റ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു.

Top