• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പവന്‌ കാല്‍ ലക്ഷവും കടന്ന്‌ ഇന്ത്യയില്‍ ചരിത്രക്കുതിപ്പിലേക്ക്‌ സ്വര്‍ണവില

പവന്‌ കാല്‍ ലക്ഷവും കടന്ന്‌ സ്വര്‍ണം പുതിയ ചരിത്ര വിലയിലേക്ക്‌ ഉയരുകയാണ്‌. പവന്‌ കഴിഞ്ഞ ദിവസം 320 രൂപ വര്‍ധിച്ചാണ്‌ സ്വര്‍ണവില ഇന്ത്യയില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയത്‌. ഒരു പവന്‌ 25,200 രൂപയും ഗ്രാമിന്‌ 3,150 രൂപയുമാണ്‌ രേഖപ്പെടുത്തിയത്‌. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു ട്രോയ്‌ ഔണ്‍സ്‌ സ്വര്‍ണത്തിന്‌ (31.1 ഗ്രാം) 1,405.30 ഡോളറാണ്‌ വാരാന്ത്യ നിരക്ക്‌. 60.70 ഡോളറാണ്‌ വാരാന്ത്യദിനത്തില്‍ മാത്രം ഉയര്‍ന്നത്‌. പവന്‌ 25,160 രൂപയായിരുന്നു നിലവിലെ ഏറ്റവും ഉയര്‍ന്ന വില.

കഴിഞ്ഞ മൂന്നിനാണ്‌ പവന്‌ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ത്യയില്‍ രേഖപ്പെടുത്തിയത്‌ 24,080 രൂപ. തുടര്‍ന്ന്‌ 17 ദിവസത്തിനിപ്പുറം 1,360 രൂപ വര്‍ധിച്ചാണ്‌ മഞ്ഞലോഹം മോഹ വിലയിലെത്തി നില്‍ക്കുന്നത്‌.

അമേരിക്കയുടെ കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വ്‌ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ സ്വര്‍ണവില കുതിച്ചുകയറിയത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന യു എസ്‌ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ കുറവ്‌ വരുത്തിയിരുന്നില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകള്‍ കുറയ്‌ക്കാനുള്ള സാധ്യതയാണ്‌ സ്വര്‍ണ വിലയെ സ്വാധീനിച്ചത്‌. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നുള്‍പ്പെടെ സ്വര്‍ണത്തിലേക്ക്‌ കൂടുതലായി മാറി.

ഇതോടൊപ്പം പശ്ചിമേഷ്യന്‍ സംഘര്‍ഷം യുദ്ധസമാന സാഹചര്യങ്ങളിലേക്ക്‌ നീങ്ങുന്നതും സ്വര്‍ണവില ഉയര്‍ത്തിയേക്കും. ഡോളറുമായുളള രൂപയുടെ വിനിമയ നിരക്ക്‌ ഉയര്‍ന്നതും സ്വര്‍ണത്തിന്‌ തിരിച്ചടിയായി. നിലവില്‍ ഡോളറിനെതിരെ രൂപ മെച്ചപ്പെട്ട നിലയിലാണ്‌.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്‌ ഉയര്‍ന്ന നിരക്കാണ്‌. ന്യൂയോര്‍ക്കില്‍ വില ഔണ്‍സിന്‌ 3.6 ശതമാനം വര്‍ധിച്ചു. ലണ്ടന്‍ അടിസ്ഥാന വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്‌ കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടെ 1.75 ശതമാനമാണ്‌ ഉയര്‍ന്നത്‌. ദുബൈയില്‍ കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌. ഇവിടെ സ്വര്‍ണവില നാല്‌ ദിര്‍ഹമാണ്‌ വര്‍ധിച്ചത്‌. നിലവില്‍ 156.75 ദിര്‍ഹമാണ്‌ ദുബൈയിലെ സ്വര്‍ണ നിരക്ക്‌.

Top