• Sunday, May 19, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മിതമായ മദ്യപാനവും രോഗത്തെ നിയന്ത്രിക്കുന്നു; പ്രമേഹ സാധ്യത കുറക്കുമെന്ന് പഠനം

പരിധിവിടാത്ത മദ്യപാനികള്‍ക്ക് ഇനിയൊരു സന്തോഷവാര്‍ത്ത. അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എന്നാല്‍ മിതമായ രീതിയില്‍ മദ്യപിക്കുന്നവരില്‍ പ്രമേഹ സാധ്യത കുറയുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ മൂന്നോ നാലോ തവണ മാത്രം മദ്യപിക്കുന്നവരില്‍ തീരെ മദ്യപിക്കാത്തവരെ അപേക്ഷിച്ച്‌ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡാനിഷ് ഗവേഷകരുടെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നത്.
മദ്യപാനം അല്ല വൈന്‍ ഉപയോഗിക്കുന്നവരിലാണ് പ്രമേഹം കൂടുതല്‍ നിയന്ത്രണ വിധേയമായി കാണുന്നതെന്നും ഡയബറ്റോളജിയ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.70,000ത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍ എത്തിയിരിക്കുന്നതെന്നാണ് ഗവേഷകരുടെ അവകാശവാദം. എന്നാല്‍ പഠനത്തെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ടിലെ പൊതുജന ആരോഗ്യ രംഗത്തുള്ളവരും രംഗത്തുവന്നിട്ടുണ്ടെന്നും, പഠനം മദ്യപാനത്തിന് പച്ചക്കൊടി വീശുന്നതല്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

മദ്യപാനം കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം പോലുള്ള രോഗപരമ്ബരകള്‍ക്ക് തന്നെ പൂര്‍ണ്ണമായും കാരണമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് വര്‍ഷം നീണ്ട പഠനത്തിനിടെ 859 പുരുഷന്‍മാരെയും 887 സ്ത്രീകളെയും കൃത്യമായി പിന്തുടര്‍ന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ദക്ഷിണ ഡെന്‍മാര്‍ക്ക് സര്‍വകലാശാലയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രഫ. ജാനെ ടോള്‍സ്ട്രപ് പറയുന്നു. സ്ത്രീകളിലാകട്ടെ മിതമായി മദ്യപിക്കുന്നവര്‍ക്ക്, ആഴ്ചയില്‍ ഒരുതവണ മാത്രം മദ്യപിക്കുന്നവരെ അപേക്ഷിച്ച്‌ 32ശതമാനം വരെ പ്രമേഹ സാധ്യത കുറവാണെന്നും, എന്നാല്‍, പുരുഷന്‍മാരില്‍ ഇത് 27 ശതമാനവുമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിലാകട്ടെ ചുവന്ന വൈന്‍ ആണ് മുന്നിലെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാമദ്യത്തിലും ഈ ഗുണം ലഭിക്കില്ലെന്നും പഠനത്തില്‍ പറയുന്നു.എന്തായാലും മിതമായ മദ്യപാനികള്‍ക്കിതൊരു ആശ്വാസകരമാകും. എന്നാല്‍ അമിത മദ്യപാനം ആപത്തുവരുത്തുമെന്നതില്‍ സംശയമില്ല.

Top