• Monday, May 20, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കണ്ണിനെയും മനസിനെയും ഒരു പോലെ കുളിരണിപ്പിക്കുന്ന പ്രകൃതിയുടെ വശ്യത നിറഞ്ഞ സുന്ദര ഭൂമിയാണ് കുമരകം- കുമരകം കാഴ്ചകളിലേക്ക് നമ്മുക്കും പോകാം

കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്ബനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. വര്‍ഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായല്‍ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്ത് തന്നെയാണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകത്തെ കേരളത്തിന്റെ നതര്‍ലാന്‍ഡ്‌സ് എന്നു വിളിക്കുന്നു.

 

 

കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ വ്യക്തമായ രേഖകള്‍ കുറവാണ്. അതേ പ്രശ്‌നം തന്നെയാണ് കുമരകത്തിന്റെ ചരിത്രത്തെക്കുറിച്ചും നിലനില്‍കുന്നത്. അറബിക്കടല്‍ പിന്‍വാങ്ങിയശേഷം രൂപമെടുത്ത വൈക്കം കടുത്തുരുത്തി എന്നീ സ്ഥലങ്ങള്‍ക്കൊപ്പമാണ് കുമരകവും ഉണ്ടായത്. എന്നാല്‍ ആദ്യകാലത്ത് ഈ പ്രദേശം ചതുപ്പ് നിലങ്ങള്‍ മാത്രമായിരുന്നു. എ.ജി. ബേക്കര്‍ എന്ന സായിപ്പാണ് ആധുനികകുമരകത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ വരവിനു മുന്‍പ് ഈ സ്ഥലത്തിന്റെ ഭൂരിഭാഗവും ചതുപ്പും മറ്റുള്ളവ വെമ്ബനാട്ടുകായലിനടിയിലായിരുന്നു. 1847 ലാണ് അദ്ദേഹം കുമരകത്തെത്തുന്നത്. അദ്ദേഹം തിരുവിതാംകൂര് രാജാവില്‍ നിന്നും വെമ്ബനാട് കായലിന്റെ വടക്ക് കിഴക്കായുള്ള കുമരകത്തിനോട് ചേര്‍ന്നുള്ള 500 ഏക്കര്‍ ഭൂമി കൃഷിചെയ്യാനായി പാട്ടത്തിനെടുത്തു. അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഭാഗമായി 500 ഏക്കറോളം വരുന്ന ചതുപ്പ് നല്ലവിളവുതരുന്ന കൃഷിഭൂമിയായി. മധ്യഭാഗത്തഅയി തെങ്ങുകള്‍ വച്ചു പിടിപ്പിച്ച അദ്ദേഹം തെങ്ങുകള്‍ക്ക് ഉപ്പു കാറ്റേല്‍ക്കാതിരിക്കാനും വെള്ളത്തിന്റെ ആക്രമണത്തില്‍ നിന്ന് മണ്ണിനെ തടയാനുമായി കണ്ടല്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. തോടുകള്‍ കീറി 500 ഏക്കര്‍ ഭൂമിയിലേക്കുള്ള ഗതാഗതം സുഗമമാക്കി. പില്‍ക്കാലത്ത് നിരവധി സ്വദേശികള്‍ ബേക്കറുടെ പാത പിന്തുടര്‍ന്നു. മറ്റു ചിലരാകട്ടെ കായലില്‍ സ്വദേശീയമായ രീതിയുല്‍ കായല്‍ നികത്തി കൃഷി ഭൂമി ഉണ്ടാക്കിയെടുത്തു.

 

 

കുമരകം പക്ഷിസങ്കേതം

ഒരു കൂട്ടം ചെറു ദ്വീപുകളുടെ കൂട്ടമായ കുമരകത്ത് 14 ഏക്കറിലായി പരന്നു കിടക്കുന്ന ഒരു പക്ഷിസങ്കേതമുണ്ട്. ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ തന്നെയാണ്. കൊറ്റികള്‍, പൊന്മാനുകള്‍, ഞാറ, കുയില്‍, ഇരണ്ട, കുളക്കോഴി, താറാവ് തുടങ്ങിയവയ്ക്കൊപ്പം ദേശാടനപക്ഷികളായ സൈബീരിയന്‍ കൊറ്റികളും കൂട്ടങ്ങളായി കുമരകത്ത് തമ്ബടിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ഏറ്റവും ഉചിതമായത് ഒരു ബോട്ട് സഞ്ചാരമാണ് ഇവിടെ.

 

 

ദേശാടനപക്ഷികളുടെ പറുദീസ മത്സ്യങ്ങളെ മുങ്ങാകുഴിയിട്ട് പിടിച്ച്‌ ഉയരത്തിലേക്കെറിഞ്ഞ് കൊക്ക് കൊണ്ട് കൊന്ന് തിന്നുന്ന പാമ്ബിനോട് രൂപ സാദൃശ്യമുള്ള ചേരക്കോഴി, ഇന്ത്യന്‍ ഷാഗ്, ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍, വിവിധയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ ഈ കൊച്ചുദ്വീപില്‍ എത്താറുണ്ട്. സീസണില്‍ എത്തുന്ന 50 ഇനം ദേശാടനപക്ഷികള്‍ക്കൊപ്പം 91 സാധാരണ ഇനം പക്ഷികളെയും ഇവിടെ കാണാറുണ്ട്.

 

 

പക്ഷിനിരീക്ഷകര്‍ സമീപ പ്രദേശങ്ങളായ കൈപ്പുഴ മുട്ട്, പാതിരാമണല്‍, നാരകത്തറ, തൊള്ളായിരം കായല്‍, പൂതപ്പാണ്ടി കായല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു കുടി യാത്ര ചെയ്താല്‍ നൂറിലധികം തരം പക്ഷികളെ കാണാം. പക്ഷിസങ്കേതത്തിനു സമീപം കേരളാ ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെ (KTDC) വാട്ടര്‍സ്‌കേപ്സ് എന്ന റിസോര്‍ട്ടുണ്ട്. പക്ഷിസങ്കേതത്തിലെ പ്രവേശന സമയം. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ.

 

 

കുമരകം കായലിലൂടെ ബോട്ട് യാത്ര

കുമരകം കായലിലൂടെയും ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുമുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും പച്ചപ്പുനിറഞ്ഞ തെങ്ങിന്‍തോപ്പുകളും കണ്ടുള്ള യാത്രക്ക് ഹൗസ്‌ബോട്ടുകളും മോട്ടോര്‍ഘടിപ്പിച്ച ചെറുവള്ളങ്ങളും ശിങ്കാരകളും വാടകക്ക് ലഭിക്കും. സൗകര്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്ത നിരക്കുകളിലുള്ള ഹൗസ്‌ബോട്ടുകള്‍ ഏര്‍പ്പാട് ചെയ്യാന്‍ നിരവധി സ്വകാര്യ ഏജന്‍സികളും ഇവിടെയുണ്ട്.

 

 

രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലില്‍ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്. രണ്ട് വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. ഈ യാത്രയില്‍ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലില്‍ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയില്‍ നിന്നും പത്തു രൂപ നല്കിയാല്‍ പാതിരാമണലിലെത്താം. അരമണിക്കര്‍ സമയമാണ് ഈ യാത്രയ്‌ക്കെടുക്കുന്നത്. മുഹമ്മയില്‍ നിന്നും കുമരകത്തേയ്ക്ക് പോകുന്ന ബോട്ടില്‍ കയറി എപ്പോള്‍ വേണമെങ്കിലും പാതിരാമണലില്‍ നിന്നും കുമരകത്തേയ്ക്കു തിരികെ പോകുവാനും സാധിക്കും.

 

 

പാതിരാമണല്‍

വേമ്ബനാട് കായലിനു നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പച്ചത്തുരുത്താണ് പാതിരാമണല്‍. ദ്വീപിലെത്തിയാല്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചകളാണ് പാതിരാമണല്‍ ദീപിലുള്ളത്. ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങളും അതില്‍ പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ വഴിയിലൂടെയുള്ള കാഴ്ചകളും ഈ നീണ്ട പാതിരാമണലില്‍ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്. കടവില്‍ നിന്നും ദ്വീപിന് ഉള്ളിലേക്കു കയറുന്തോറും കാടിന് ഗാംഭീര്യം കൂടിയോ എന്നു തോന്നും.

 

 

മണ്ണിനു പുറത്തേക്കുവളരുന്ന വേരുകളും കട്ടിയായി വളരുന്ന ചെടികളുമായി വായിച്ചറിവുകള്‍ മാത്രമായുള്ള സ്ഥലങ്ങള്‍ കണ്‍മുന്നില്‍ മനസിനെ തണുപ്പിച്ചിങ്ങനെ വന്നു നില്‍ക്കും. ഇതൊന്നും കൂടാതെ ആ സ്വപ്ന തുല്യ അന്തരീക്ഷം തണുപ്പിക്കാനയി വിവിധയിനം കണ്ടല്‍ച്ചെടികളും ഇവിടെ കാണാം.
ആളും ബഹളങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരിടത്താവളം എന്നു വേണമെങ്കിലും പാതിരാമണലിനെ വിശേഷിപ്പിക്കാം. ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയില്‍ പ്രശസ്തമായിരിക്കുന്ന ഇവിടെ കൂടുതലും പ്രകൃതി സ്‌നേഹികളും പക്ഷി നിരീക്ഷകരും ഒക്കെയാണ് എത്തിച്ചേരുന്നത്.

 

 

കുമരകത്തിനും തണ്ണീര്‍ മുക്കം ബണ്ടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അനന്തപത്മനാഭന്‍ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന പാതിരാമണല്‍ ദ്വീപ് പത്ത് ഏക്കര്‍ ചുറ്റളവിലായാണ് സ്ഥിതി ചെയ്യുന്നത്.

 

 

കുമരകം ഗ്രാമം ഗ്രാമവാസികളുടെ പ്രവര്‍ത്തനഫലമായി ഇപ്പോള്‍ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും, ടൂറിസത്തിന്റെ അതിദ്രുതമായ വളര്‍ച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്. വിനോദസഞ്ചാരത്തിനു പുറമേ കൃഷിയില്‍ നിന്നും കുമരകത്തിന് വരുമാനം ലഭിക്കുന്നു.

Top